Tuesday, November 2, 2010

ജാനകി - ഭൂമിപുത്രി







'സൂഫി പറഞ്ഞ കഥയ്ക്ക്‌ ശേഷം സിലിക്കണ്‍ മീഡിയയ്ക്കുവേണ്ടി പ്രകാശ്‌ ബാരെ നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 'അടയാളങ്ങള്‍ 'എന്ന ചിത്രത്തിലൂടെ സംസ്ഥാന -ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ എംജി ശശി യാണ്. ലോല കെനിയ(ആഫ്രിക്ക) ചലച്ചിത്രോത്സവത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മികച്ച ചിത്രത്തിനുള്ള ഒന്നാം സമ്മാനം നേടിയ 'ജാനകി' കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്കും മുംബൈ അന്താരാഷ്‌ട്രമേളയിലേക്കും തേര്‍ഡ് ഐ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.



ജാനകി - ഭൂമിപുത്രി
മലയാള സിനിമയില്‍ അന്യം നിന്ന് പോവാറായ ഒരു ജനുസ്സാണ് ബാലചിത്രങ്ങള്‍. അതിനാല്‍ത്തന്നെ മുതിര്‍ന്നവരുടെ സിനിമയിലൂടെ പ്രചരിക്കുന്ന ആശയമണ്ഡലം ആണ് കുട്ടികളെ സ്വാധീനിക്കുന്നത്. കുട്ടികളെ യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നും സാമൂഹ്യമായ അറിവുകളില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഹാരി പോട്ടര്‍, പോക്കെമോന്‍ ഇനത്തില്‍പ്പെട്ട ത്രസിപ്പിക്കുന്ന ചിത്രങ്ങളുടെ സ്വാധീനത്തിന്നപ്പുറത്തേക്ക് കുട്ടികളുടെ മനസ്സിനെ നയിക്കുന്ന ചിത്രമായ 'ജാനകി' മലയാളത്തില്‍ ഇതു വരെ ഉണ്ടായിട്ടുള്ള ബാലചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് . സാമൂഹികമായ അറിവുകളില്‍ നിന്ന് മാറി നില്‍ക്കാതെ ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി ആലോചിക്കുവാന്‍ 'ജാനകി' അവരെ പ്രേരിപ്പിക്കും

ഭൂമിയില്‍ നിന്ന് വന്നു ഭൂമിയിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതയാകുന്ന സാക്ഷാല്‍ സീതയെപ്പോലെ, തെരുവില്‍ നിന്നു വന്നു തെരുവിലേക്ക് തിരികെ വലിച്ചെറിയപ്പെടുന്ന ജാനകി എന്ന ബാലികയുടെ കഥയാണിത്. മുഖ്യധാരാ ജീവിതത്തിലെ കുഞ്ഞുങ്ങളും തെരുവില്‍ ഉപേക്ഷികപ്പെടുന്ന കുഞ്ഞുങ്ങളും സാമൂഹ്യയാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നിലുണ്ട്. കുട്ടികളുടെ കാഴ്ചപ്പാടിലൂടെ ഈ യഥാര്‍ത്ഥ്യത്തെ നോക്കിക്കാണുവാനാണ് ജാനകി ശ്രമിക്കുന്നത്. റിയാലിറ്റിയും ഫാന്‍റസിയും ഇടകലര്‍ന്ന കഥാഘടനയും , ചടുലമായ പ്രതിപാദനരീതിയുമാണ് ഈ ചിത്രത്തിനുള്ളത്. നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെ ജാനകിയുടെ കഥ ഇതള്‍ വിരിയുന്നത്.

പ്രതിഭാശാലികളുടെ കൂട്ടുകെട്ട്
പ്രതിഭാശാലികളായ ഒരുകൂട്ടം കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഗമവേദിയാണ് ജാനകി എന്ന സിനിമ. മലയാളിയായ ഹോളിവുഡ് നടന്‍ തമ്പി ആന്റണി, എഞ്ചിനീയര്‍, സംരംഭകന്‍, നടന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രകാശ്‌ ബാരെ, വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് സ്വഭാവാഭിനയത്തിലേക്ക് കൂടുമാറിയ ടി. ജി.രവി, അദ്ദേഹത്തിന്‍റെ മകന്‍ ശ്രീജിത്ത് രവി, നടകാഭിനേത്രിയും ഏഴുത്തുകാരിയുമായ സജിത മഠത്തില്‍, പൂനാ ഫിലിം ഇന്‍സ്ടിട്യുട്ടില്‍ നിന്നും അഭിനയം പഠിച്ചിറങ്ങിയ വിനയ്, എം.ആര്‍.ബിയുടെ മകള്‍ ലീല, പ്രേംജിയുടെ മകള്‍ സതി, ഹരിശാന്ത്, നാടുഗദ്ദികയും 'മാവേലിമണ്‍റവും' എഴുതിയ 'കനവു' സ്ഥാപകന്‍ കെ.ജെ.ബേബി, നര്‍ത്തകി കലാമണ്ഡലം രാധിക, നാടക കലാകാരന്‍ എ.വി.ജയചന്ദ്രന്‍, ഇര്‍ഷാദ്, ചാത്തനൂര്‍ വിജയന്‍, രജനി മുരളി, ആശ കൃഷ്ണന്‍, കഥകളി നടനും സംഗീതജ്ഞനുമായ മനോജ്‌ പുല്ലൂര്‍, കഥകളി നടി ജയശ്രീ, തുടങ്ങിയവരാണ് ജാനകിയിലെ മറ്റു അഭിനേതാക്കള്‍.

മുഖ്യ കഥാപാത്രമായ ജാനകിയെ അവതരപ്പിക്കുന്നത് കൃഷ്ണ പദ്മകുമാര്‍ എന്ന പന്ത്രണ്ടു കാരിയാണ്. നയന ജോസന്‍, ശാലിനി, ശ്രുതി, ശ്രുതി ടി.പി, ആദിത്യ സന്തോഷ്‌, സാരംഗ്, ജിതിന്‍, ശ്രീരാഗ്, ആദിത്യന്‍, സുപ്രീത് എന്നിങ്ങനെ സദാ ചിത്രത്തില്‍ നിറഞ്ഞു നില്ല്കുന്ന കുട്ടിപ്പട്ടാളം ഉള്‍പ്പെടെ നൂറോളം കുട്ടികള്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. തമ്പി ആന്‍റണിയാണ് ശേഖരന്‍മാസ്റ്റര്‍ എന്ന പ്രധാന കഥാപാത്രമായി രംഗത്തെത്തുന്നത്. .


സംവിധായകന്‍ എം.ജി. ശശി തന്നെയാണ് കഥ, തിരക്കഥ, ഗാനങ്ങള്‍ എന്നിവ രചിച്ചിരിക്കുന്നത്. അഭിനയത്തിന് പുറമേ ശശിയുടെ സംവിധാനസഹായി കൂടിയാണ് പ്രകാശ്‌ ബാരെ ഈ ചിത്രത്തില്‍. കഴിഞ്ഞ രണ്ടു ദശകത്തിലെറെയായി നിരവധി മികച്ച ചിത്രങ്ങളുടെ ചായാഗ്രാഹകനായ എം.ജെ. രാധാകൃഷ്ണന്‍റെ ഫോട്ടോഗ്രഫി ജാനകിയുടെ പ്ലസ്‌ പോയിന്‍റുകളില്‍ ഒന്നാണ്. കലാസംവിധാനം ഷിബു പഴഞ്ചിറ. മേക്കപ്പ് ബിജു ഭാസ്കര്‍. വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍. പ്രൊഡക്ഷന്‍ എക്സീക്യുട്ടിവ് ഹരി വെഞ്ഞാറമൂട്.


ഗാന്ധിയന്‍ ദര്‍ശനം
ലോകമെങ്ങും ചൂടപ്പം പോലെ വിറ്റഴിയുന്ന ഒരു ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു ഗാന്ധിജി. പക്ഷേ, ഒരു കുട്ടിയെങ്കിലും വിശന്നിരിക്കുകയാണെങ്കില്‍ രാജ്യം സ്വതന്ത്രരല്ല എന്ന് അദ്ദേഹം പറഞ്ഞത് നാം സൌകര്യപൂര്‍വ്വം മറക്കുന്നു. നമ്മുടെ തെരുവുകളിലെ അസംഖ്യം കുഞ്ഞുങ്ങള്‍ക്കു നേരെ നാം കണ്ണടയ്ക്കുന്നു. മുഖ്യ കഥാപാത്രമായ ശേഖരന്മാഷുടെ ഓരോ പ്രവൃത്തികളുടെയും ചാലക ശക്തി ഗാന്ധിയന്‍ ദര്‍ശനം ആണ്. മാഷില്‍ നിന്ന് പകര്‍ന്നു കിട്ടിയ സ്നേഹവും മനസ്സുറപ്പുമാണ് പിന്നീട് ജാനകിയെ നയിക്കുന്നത്. ഗാന്ധിജിയുടെ നൂറ്റിനാല്പതാം ജന്മദിനവും ഹിന്ദ്‌ സ്വരാജിന്‍റെ ശതവാര്‍ഷികവും ആഘോഷിക്കുന്ന വേളയില്‍ ആണ് 'ജാനകി' നിര്‍മ്മിക്കപ്പെട്ടത് എന്നത് ശ്രദ്ധേയം ആണ്.

എം.ജി ശശി
ആദ്യ ചിത്രമായ 'അടയാളങ്ങളി'ലൂടെ ചിത്രത്തിനും മികച്ച സംവിധായകനും ഉള്ളതു ഉള്‍പ്പെടെ അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ നേടുകയും ദേശീയ അന്തര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും മലയാളത്തിലെ മികച്ച സംവിധായകരുടെ മുന്‍നിരയിലെത്തുകയും ചെയ്ത എഴുത്തുകാരനും നടനും കൂടിയായ എം ജി ശശി ഒരിക്കല്‍ക്കൂടി തന്റെ അവിസ്മരണീയമായ അടയാളം പതിപ്പിക്കുകയാണ് ജാനകിയിലൂടെ. മഹാത്മാ അങ്ങയോട്, ഒളിച്ചേ കണ്ടേ, സ്നേഹസമ്മാനം, കനവു മലയിലേക്കു തുടങ്ങിയ ഹ്രസ്വചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദശകങ്ങളായി നിരവധി നാടകങ്ങളും ശശി എഴുതി സംവിധാനം ചെയ്തു അവതരിപ്പിച്ചിട്ടുണ്ട്.


സിലിക്കണ്‍ മീഡിയയുടെ ചിത്രം
പ്രതിഭാധനരായ കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ്മയിലൂടെ ലോകനിലവാരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന സിലിക്കണ്‍ മീഡിയയുടെ ആദ്യ ചിത്രമായ 'സൂഫി പറഞ്ഞ കഥ'ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥയും സാങ്കേതികമികവും ഉള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിന്നോപ്പം തന്നെ പ്രദര്‍ശനത്തിലും വിതരണവിപണന രംഗങ്ങളിലും സാങ്കേതികവിദ്യയി‌ലുള്ള മികവും ലോക വ്യാപകമായുള്ള ബന്ധങ്ങളും ഉപയോഗിക്കുവാനാണ് സിലിക്കണ്‍ മീഡിയ ശ്രദ്ധിക്കുന്നത്. പതിവുപാതകളിലൂടെ ഉള്ള യാത്രയില്‍ ‍ മലയാള സിനിമക്കു സംഭവിക്കുന്ന ജീര്‍ണതകളെ അതിജീവിക്കുവാന്‍ ഉതകുന്ന തരത്തിലുള്ള മികച്ച സൃഷ്ടികള്‍ കൊണ്ട് സിനിമമേഖലയെ സമ്പന്നമാക്കുന്നതിന്നാണ് സിലിക്കണ്‍ മീഡിയയുടെ ശ്രമം.

ജാനകിയെപ്പറ്റി ..സംവിധായകന്‍ പറയുന്നു
മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ ഇടതുഭാഗത്ത് പൊതുസ്ഥലത്തു തന്നെ കെട്ടി മേഞ്ഞ ഒരു കൂര കാണാം. കനിമൊഴിയുടെ വീടാണത്. കനിമൊഴിയും സഹോദരന്‍ അഴകനും അമ്മയും അമ്മയുടെ താല്‍ക്കാലിക ഭര്‍ത്താവായ മറ്റൊരാളുമൊത്ത് ആ ഒറ്റമുറി കൂരയില്‍ താമസമാണ്. അമ്മികൊത്ത് , അണ്ണാനെ പിടിക്കല്‍, കച്ചറ പെറുക്കല്‍ ...തുടങ്ങി പലവിധ നിത്യവൃത്തികള്‍. കാലത്തു തന്നെ കുടുംബസമേതം കള്ളുഷാപ്പില്‍ പോകലും പതിവാണ്. കനിമൊഴിയാണ് പിന്നീട് എന്‍റെ 'ജാനകി' ആയത്.

സഹോദരങ്ങല്‍ക്കൊപ്പംകനിമൊഴി ഉച്ചയ്ക്ക് വീടിന്റെ ഗേറ്റില്‍ വന്നു തട്ടി വിളിക്കും. ഭക്ഷണത്തിനു വേണ്ടി. ഒരു നേരം, രണ്ടാം ദിവസം, മൂന്നാം നാള്‍, ഒക്കെ ഭക്ഷണം കൊടുത്തു. പിന്നീടത്‌ എന്‍റെ ഭാര്യയ്ക്കും അമ്മയ്ക്കും ഞാനടക്കം വീട്ടിലാര്‍ക്കും തന്നെ പ്രായോഗികമായി മുന്നോട്ടു കൊണ്ടു പോകാവുന്ന ഏര്‍പ്പാടാണെന്ന് തോന്നിയില്ല.

"എന്നും വന്നാ ശര്യാവില്ല..വേറേ എങ്ങടെങ്കിലും പൊയ്ക്കോ" ... അടുത്ത മരച്ചില്ലകളില്‍ ചാടി കളിക്കുന്ന അണ്ണാനെ കണ്ടു കവണയെടുത്ത് ആ കുട്ടികള്‍ അങ്ങോട്ടോടി. എന്‍റെ കുട്ടികളെപ്പോലെയാണ് ഈ കുട്ടികളും എന്ന് എനിക്ക്‌ അറിയായ്കയല്ല.

വിഷുദിവസം സ്വന്തം വീടുകളില്‍ നിന്നു ഭക്ഷണം കഴിച്ചുവന്നു എന്‍റെ ചെറിയ മകനോടൊപ്പം അവന്‍റെ കൂട്ടുകാര്‍ മുറ്റത്തു ക്രിക്കറ്റ് കളിക്കുകയാണ്. ആ കൂട്ടത്തില്‍ പക്ഷേ അഴകനെയും ഞാന്‍ കണ്ടു. "അഴകന്‍ ഭക്ഷണം കഴിച്ചോ?'
"ഇല്ല" ഉച്ചത്തില്‍ പറഞ്ഞ് ആകാവുന്ന ശക്തി സംഭരിച്ചു അഴകന്‍ ബൌള്‍ ചെയ്തു. അന്നു അഴകന് ഭക്ഷണം കൊടുത്തത് ഒട്ടും തന്നെ എന്‍റെ മാഹാത്മ്യമല്ല.. ഉമ്മറവാതിലിലൂടെ കയറി വരാന്‍ മടിച്ച്, കസേരയില്‍ ഇരിപ്പുറയ്ക്കാതെ, അഴകന്‍ ഭക്ഷണം കഴിച്ചത് ഓര്‍ക്കുന്നു.

നാട്ടിലെ പൊതു പരിപാടികള്‍ക്ക് കനിമൊഴി മലയാളി പെണ്‍കൊടിയെപ്പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കും. ആരോ ഉപേക്ഷിച്ച പട്ടുപാവാട..ശരീരത്തില്‍ അയഞ്ഞു തൂങ്ങുന്ന ജാക്കറ്റ് .. ചന്ദനക്കുറി..തുമ്പു കെട്ടിയ മുടിയില്‍ തുളസിക്കതിര്‍...എല്ലാര്‍ക്കും പരിഹാസം. നാടോടി സംഘത്തിലെ പെണ്ണിന് ഈ ഗ്രാമത്തിന്‍റെ സംസ്കാരവുമായി എന്തു ബന്ധം?

പല വീടുകളില്‍ പണിക്കു നിന്നു കനിമൊഴി. ആ ചെറിയ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പിന്നീട് നാട്ടില്‍ ശ്രുതി പറന്നു. ഡോക്റ്ററെ സ്വകാര്യമായി കണ്ടു ഗര്‍ഭം അലസിപ്പിച്ചത്രേ! കുറേ നാള്‍ കനിമൊഴിയെ ആരും കണ്ടില്ല.

പതിന്നാലാം വയസ്സില്‍ കനിമൊഴിയെ മറ്റൊരു നാടോടി സംഘത്തിലെ മാരിയപ്പന്‍ എന്ന ചെറുപ്പക്കാരന് 'മങ്ങലം" കഴിച്ചു കൊടുത്തു. കല്യാണ ദിവസം വധൂവരന്മാര്‍ ഒഴികെ ബാക്കിയെല്ലാവരും കടത്തിണ്ണയില്‍ കള്ളുകുടിച്ചു കൂത്താടി. വിവാഹപ്പിറ്റേന്ന് കനിമൊഴി അവരുടെ കൂരയ്ക്ക് പിറകിലുള്ള പഞ്ചായത്തു കിണറ്റില്‍ ചാടി. അവളെ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോയെന്നും മരിച്ചു പൊയെന്നുമൊക്കെ പിന്നീടു കേട്ടു. . പിന്നെയാരും കനിമൊഴിയെ കണ്ടതേയില്ല.

ജാനകി എന്‍റെ മനസ്സില്‍ പിറവി എടുത്തു കഴിഞ്ഞിരുന്നു. ജാനകി സീത തന്നെയാണ്. രാമായണത്തിലെ സീത. ഉഴവുചാലില്‍ നിന്നു വരികയും ഭൂമി പിളര്‍ന്നു മണ്ണിലേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്യുന്ന സീത. കനിമൊഴിയിലൂടെ സീതയിലൂടെ ജനകിയിലേയ്ക്കെത്തുകയായിരുന്നു. നമ്മള്‍ തിരിച്ചറിയുക! ജാനകി ഒരു പെണ്‍കുഞ്ഞാണ്. പനിച്ചു വിറയ്ക്കുന്ന ഒരു കുഞ്ഞിന്‍റെ ഉള്ളം കയ്യില്‍ സ്നേഹത്തോടെ ഒരു ഉമ്മ വയ്ക്കാനെങ്കിലും മനുഷ്യര്‍ക്ക്‌ കഴിയണം.

കുഞ്ഞുങ്ങളെ അത്യധികം സ്നേഹിച്ച ഗാന്ധിജിയുടെ ദര്‍ശനം കനിമൊഴിയോടൊപ്പം ചേര്‍ന്നപ്പോള്‍ രാഷ്ട്രീയമായും സാമൂഹ്യമായും സാംസ്കാരികമായും അര്‍ത്ഥ തലങ്ങലുള്ള 'ജാനകി' എന്ന ഭൂമിപുത്രിയെക്കുറിച്ചുള്ള സിനിമയുടെ രൂപം തെളിഞ്ഞു വന്നു. ശബ്ദവും ദൃശ്യവും ഉരുത്തിരിഞ്ഞു.

3 comments:

  1. നല്ല റിവ്യൂ
    Mg ശശിയുടെ സിനിമ മോശമാകാൻ സാദ്ധ്യത ഇല്ല.
    സിനിമ എപ്പോൾ ഇറങ്ങും എന്നും അറിയണമായിരുന്നു

    ReplyDelete
  2. Today. The film was completed in 2008. On 17.11.2017

    ReplyDelete