Friday, March 5, 2010

സൂഫി പറഞ്ഞ കഥ











സൂഫി പറഞ്ഞ കഥ
മലബാറിന്റെ പ്രകൃതി രമണീയമായ
പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം മാറ്റങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ജനതയുടെ മനോമണ്ഡലങ്ങളിലേക്കുള്ള യാത്രയാണ്. കെ പി രാമനുണ്ണിയുടെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കുന്ന ചിത്രം ദേശത്തിന്‍റെ ചരിത്രവും ഐതിഹ്യങ്ങളും കഥാപാത്രങ്ങളുടെ പ്രണയവും, വികാരങ്ങളും, സഹിഷ്ണുതയുടെ ആത്മീയതയുമൊക്കെ ചേര്‍ന്നുള്ളൊരു പ്രപഞ്ചം പ്രേക്ഷകന്നു മുമ്പില്‍ തുറക്കുന്നു.
ടിപ്പുവിന്‍റെ പതനത്തിനു ശേഷം ബ്രിട്ടീഷ് വാഴ്ചയുടെ പിടിയിലമരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാറിലാണ് കഥ നടക്കുന്നത്. സമ്പന്നമായ ഒരു നായര്‍ തറവാടിലെ ഏക അനന്തരാവകാശിയായ കാര്‍ത്തി എന്ന യുവതിയും നാളികേരവും അടയ്ക്കയും കോള് കൊള്ളാനെത്തുന്ന മാമുട്ടി എന്ന മുസ്ലിം കച്ചവടക്കാരനും തമ്മിലുള്ള പ്രണയവും വിവാഹവും ആണ് ഈ ചിത്രത്തിന്‍റെ മുഖ്യധാര. തന്‍പോരിമക്കാരിയായ കാര്‍ത്തിയെന്ന സുന്ദരിപ്പെണ്‍കുട്ടി പ്രദേശത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരു പോലെ ആരാധിക്കുന്ന ബീവി എന്ന ദേവതയായി രൂപാന്തരപ്പെടുന്നതിന്‍റെ കൂടെ കഥയാണിത്. കാര്‍ത്തിയുടെ കത്തുന്ന സൌന്ദര്യത്തിന്നും ആത്മവിശ്വാസത്തിന്നും മുമ്പില്‍ ആരാധനയോടെ നില്‍ക്കുന്ന അമ്മ.. പതറുന്ന ശങ്കുമ്മാമന്‍.. ഇടറുന്ന ബന്ധുജനങ്ങള്‍‍. അവളുടെ സ്വര്‍ഗ്ഗീയമായ വ്യക്തിത്വത്തിന്നു മുന്നില്‍ പൌരുഷം നഷ്ട്ടപ്പെടുന്ന പ്രിയതമന്‍.. എല്ലാറ്റിനും നടുവില്‍ ഒറ്റപ്പെടുകയും അകറ്റപ്പെടുകയും ചെയ്യുന്ന കാര്‍ത്തി..

ഹൈന്ദവ പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് മുസ്ലിം ജീവിതചര്യയുടെ ഉള്‍ത്തളങ്ങളിലേക്ക് ജീവിതം പറിച്ചു നടപ്പെടുമ്പോഴും സ്വന്തം ഓര്‍മ്മകളെയും വേരുകളേയും അടര്‍ത്തിക്കളയാനാവാത്ത കാര്‍ത്തിയുടെ സാംസ്കാരികവും ആത്മീയവുമായ അതിജീവനമാണ് സൂഫിയുടെ കഥയുടെ കാതല്‍. മാറ്റത്തിന്‍റെ വേദനയില്‍ നിന്ന് അനിവാര്യമായി ഉരുത്തിരിയുന്ന സംഘര്‍ഷങ്ങള്‍ വ്യക്തിയേയും സമൂഹത്തേയും എങ്ങിനെ ബാധിക്കുന്നുവെന്ന് ധൈര്യപൂര്‍വ്വം പരിശോധിക്കാന്‍ ഈ ചിത്രം ശ്രമിക്കുന്നു. പരസ്പരം അകമഴിഞ്ഞ് സ്നേഹിക്കുന്നവരുടെ മുന്നില്‍ വിശ്വാസത്തിന്‍റെ മതില്‍ക്കെട്ടുകള്‍ എത്രത്തോളം ചെറുതാണെന്ന് കാട്ടിത്തരികയാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. അവറു മുസലിയാരെന്ന ശക്തമായ കഥാപാത്രത്തിന്‍റെ അവതരണത്തിലൂടെ അനാവൃതമാക്കപ്പെടുന്നത് ഇപ്പോള്‍ തമ്മിലടിക്കുന്ന മതങ്ങള്‍ ഏതാനും തലമുറ മുമ്പുവരെയും പൊതുവിശ്വാസങ്ങള്‍ പങ്കുവച്ചിരുന്നവര്‍ ആയിരുന്നു എന്ന പ്രാഥമികമായ സത്യമാണ്.
എന്നാല്‍ ഈ തിരിച്ചറിയവിന്‍റെയും ശാന്തതയ്ക്കുമപ്പുറം ഒരു കൊടുങ്കാറ്റിന്നുള്ള കോളൊരുങ്ങുന്നു...